പനത്തടി: പനത്തടി പഞ്ചായത്ത് 12-ാം വാർഡിൽ പുളിംകൊച്ചി ചാലിനു കുറുകെ ജില്ലാ പഞ്ചായത്ത് കോൺക്രീറ്റ് പാലം അനുവദിച്ചിട്ട് നാലുവർഷം കഴിയുന്നു. 50 ലക്ഷം രൂപയുടെ ഫണ്ട് കിട്ടിയിട്ടും മറ്റെങ്ങുമില്ലാത്ത സാങ്കേതിക തടസങ്ങൾ പറഞ്ഞ് പാലംപണി നീണ്ടുപോകുമ്പോൾ പുളിംകൊച്ചി നിവാസികൾക്ക് ഈ മഴക്കാലത്തും കമുകിൻതടി കൊണ്ടുള്ള പാലം പുതുക്കിപ്പണിയാനാണ് യോഗം.
2022 ൽ പുളിംകൊച്ചി സ്വദേശിയായ കളക്ടറേറ്റ് ജീവനക്കാരൻ മരിച്ചപ്പോൾ മൃതദേഹം കമുകിൻപാലത്തിനു മുകളിലൂടെ ചുമന്നുകൊണ്ടുപോകുന്ന കാഴ്ച കണ്ടാണ് പാലത്തിന്റെ കാര്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ഇടപെട്ടത്. തുടർന്ന് കോൺക്രീറ്റ് നടപ്പാലം നിർമിക്കാൻ 40 ലക്ഷം രൂപ അനുവദിച്ചു. വാഹനം പോകുന്ന പാലം തന്നെ വേണമെന്ന ആവശ്യമുയർന്നതോടെ അന്നത്തെ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുൻകൈയെടുത്ത് അടുത്ത വർഷം 10 ലക്ഷം രൂപ കൂടി അനുവദിച്ച് പദ്ധതി പുതുക്കി. സർക്കാർ ഏജൻസിയായ കാസർഗോഡ് കെൽ ആണ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തത്.
പിന്നീട് ഇവിടെ സാധന സാമഗ്രികൾ എത്തിക്കാനുള്ള സാങ്കേതിക തടസം പറഞ്ഞ് അവർ പ്രവൃത്തിയിൽനിന്ന് പിന്മാറുകയായിരുന്നു. ഇക്കാര്യം ജില്ലാ പഞ്ചായത്തിനെ രേഖാമൂലം അറിയിക്കാത്തതിനാൽ റീടെൻഡർ നടപടികളും മുടങ്ങി. സാധനസാമഗ്രികൾ എത്തിക്കാൻപോലും ബുദ്ധിമുട്ടുള്ള സ്ഥലമാണെന്നറിഞ്ഞുകൊണ്ട് കെൽ അധികൃതർ കരാർ ഏറ്റെടുത്തത് എന്തിനായിരുന്നുവെന്ന ചോദ്യവും ബാക്കിയാണ്.
പനത്തടി-റാണിപുരം റോഡിലെ പെരുതടിയിൽ നിന്ന് പുളിംകൊച്ചി വഴി കടമല റോഡ് വരെ 2.8 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ 1.3 കിലോമീറ്റർ ദൂരം വർഷങ്ങൾക്കുമുമ്പ് ടാർ ചെയ്തതാണ്. ബാക്കി ഭാഗത്തിന്റെ നവീകരണം പട്ടികവർഗ വകുപ്പ് കോർപസ് ഫണ്ട് ഉപയോഗിച്ച് നടത്താമെന്ന് 2022ൽ അറിയിച്ചിരുന്നു. എന്നാൽ പാലം പണി വഴിമുട്ടിയതോടെ ഈ റോഡിന്റെ പ്രവൃത്തിയും മുടങ്ങി.
പുളിംകൊച്ചി കോളനിയിലെ പട്ടികവർഗ കുടുംബങ്ങളിലുള്ളവർക്ക് രോഗബാധിതരായവരെ ആശുപത്രിയിലെത്തിക്കാൻപോലും കമുകിൻപാലത്തിനു മുകളിലൂടെ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയാണ് ഇപ്പോഴുമുള്ളത്.
മഴ കനക്കുന്നതോടെ ഈ പാലത്തിനു മുകളിലൂടെ മലവെള്ളം കുത്തിയൊഴുകും. പാലത്തിനു താഴെ 50 അടിയോളം താഴ്ചയുള്ള കൊക്കയാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഇതിനു മുകളിലൂടെ കടന്നു പോകാൻ മുതിർന്നവർക്കു പോലും ഭയമാണ്. റോഡും പാലവുമില്ലാത്തതിനാൽ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനയിറങ്ങുമ്പോൾ വനംവകുപ്പ് ജീവനക്കാർക്കുപോലും ഇവിടെ എത്തിപ്പെടാൻ പ്രയാസമാണ്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി എത്രയും പെട്ടെന്ന് പാലത്തിന്റെ പ്രവൃത്തി തുടങ്ങാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇപ്പോൾ ഈ പ്രദേശം ഉൾപ്പെടുന്ന ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാമിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിലുണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.